ഇരിട്ടി-ഇരിക്കൂർ റോഡിൽ പടിയൂർ എസ്റ്റേറ്റിന് സമീപം മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തകർന്ന മിനിലോറിക്കുള്ളിൽ ഡ്രൈവർ കുടുങ്ങി. ഇരിട്ടിയിൽ നിന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ വാതിൽ മുറിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടൻ തന്നെ ഇയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു അപകടത്തിൽ കൊൽക്കത്തയിൽ കാർ ബൈക്കിലേക്ക് ഇടിച്ചുകയറി 22 കാരനായ യുവാവിന് ദാരുണാന്ത്യം. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഏരിയയിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ അപകടത്തിലാണ് ഡെലിവറി ഏജന്റായ സൗമൻ മണ്ഡൽ മരിച്ചത്. രക്ഷാപ്രവർത്തനത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി.


അപകടം നടന്ന് 12 മണിക്കൂർ കഴിഞ്ഞിട്ടും അപകടമുണ്ടാക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതും പ്രതിഷേധം ആളിക്കത്തിച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കവേയാണ് പാഞ്ഞെത്തിയ ഒരു കാർ യുവാവിനെ ഇടിച്ചിട്ടത്. വാഹനം ബൈക്കിലേക്ക് ഇടിച്ചുകയറുകയും യുവാവ് കാറിന്റെ ബോണറ്റിനും റോഡരികിലുള്ള റെയിലിങ്ങിനുമിടയിൽ കുടുങ്ങുകയുമായിരുന്നു.
ഇയാളുടെ കാലിൽ കൂർത്ത ഒരു വസ്തു തുളച്ചുകയറിയതും സ്ഥിതി കൂടുതൽ വഷളാക്കി.
കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൗമനെ പൊലീസ് രക്ഷപ്പെടുത്തിയില്ല. അപകടത്തിന് പിന്നാലെ സൗമനെ ഇടിച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു.ശരീരത്തിൽ തീപടർന്ന സൗമൻസംഭവസ്ഥലത്ത് തന്നെ മരിച്ചു.
കാറിന് തീ പിടിച്ചിട്ടും അഗ്നിരക്ഷാസേന എത്തിയത് വൈകിയാണെന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചു. അപകടം നടന്ന് 12 മണിക്കൂർ കഴിഞ്ഞിട്ടും ഇടിച്ച കാറിന്റെ ഉടമസ്ഥരെ അറസ്റ്റ് ചെയ്യാത്തതിലും കുടുംബവും നാട്ടുകാരും പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Accident Mini lorry and car collide near Padiyoor Estate on Iritty-Irikkoor road